തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്ര പതിയിൽനിന്ന് അനുമതി ലഭ്യമാക്കാനുള്ള ഇടപെടൽ സംസ്ഥാത്തു നിന്നുള്ള എംപിമാർ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിൽ നിരവധി തടസങ്ങളുണ്ട്. ഇവ ലഘൂകരിക്കുന്ന നിയമഭേദഗതി ബിൽ നിയമസഭ പാസാക്കിയിരുന്നു.ഈ നിയമം പ്രാബല്യത്തിലാവാൻ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ഇത് എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ എംപിമാർ നടത്തണമെന്ന് ഓണ്‍ലൈനായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിൽ 620 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം ലഭ്യമാക്കണമെന്നും വന്യജീവിയുടെ ആക്രമണങ്ങൾ നേരിട്ടവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിന്റെ കേന്ദ്രവിഹിതം അനുവദിപ്പിക്കുന്നതിനുള്ള നടപടി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മേപ്പാടി - ചൂരൽമല ദുരന്തബാധിത മേഖലയുടെ പുനർനിർമാണത്തിനായി 2,221.03 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് അഭ്യർഥിച്ചത്.
കേന്ദ്രസഹായമായി 260.56 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളൂ. അർഹമായ സാന്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ശക്തമായ സമ്മർദം ചെലുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2024-25, 25-26 സാന്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച തുകകളായ 6,757 കോടി രൂപയും, 3,323 കോടി രൂപയും പുനഃസ്ഥാപിക്കാനും എംപിമാർ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തിൽ മന്ത്രിമാരും എംപിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.